Tuesday, 20 November 2012

.... വയനാടന്‍ യാത്ര ....

....  വയനാടന്‍ യാത്ര  ....

ദൈവമേ ...എന്റെ ഒരു നിലവിളിയോടെ ആ പ്രഭാതം പൊട്ടി പൊട്ടി വിടര്‍ന്നു

ഇന്നാണല്ലോ വയനാട് പോകാന്‍ ഉള്ളത്... ഒരു വക എടുത്തു വച്ചിട്ടില്ല ... ഡ്രസ്സ്‌ ഒരെണ്ണം പോലും തേച്ചത് ഇല്ല ..
നൂറായിരം പ്രശ്നങ്ങളുമായി ആ പ്രഭാതം വിടര്‍ന്നു ...
രാത്രി 8.40 നു ആണ് ട്രെയിന്‍ .. ഇനി എപ്പോ ഇതൊക്കെ ചെയ്തു കുളിച്ചു കുട്ടപ്പന്‍ ആയി ഓഫീസില്‍ എത്തും ?
രാവിലെ 8.50 നു മീറ്റിംഗ് അറ്റന്‍ഡ് ചെയ്തില്ലെങ്ങില്‍ പിന്നെ ഇനി അങ്ങോട്ട്‌ ചെല്ലേണ്ടി വരില്ല..

""എല്ലാം തേച്ചു വച്ച് പായ്ക്ക് ചെയ്തിട്ട് അവള്‍ സ്കൂളില്‍ പോക്കോളം"" -- ഇന്നലെ അവള്‍ പറഞ്ഞതാ ...

അവളെ നോക്കി കണ്ണ് ഉരുട്ടി , "എല്ലാം ഞാന്‍ നോക്കി കോളാം - നീ പൊക്കോ"  എന്ന് പറഞ്ഞ ഞാന്‍ ഇപ്പൊ ശശി ആയി

പോട്ടെ... പോയ ബുദ്ധി ആന പിടിച്ചാലും തിരികെ കിട്ടില്ലല്ലോ.

വരുന്നത് പോലെ വരട്ടെ എന്ന് കരുതി എല്ലാം അവിടെ തന്നെ ഇട്ടു ഓഫീസിലേക്ക് ഇറങ്ങി ...
കാറിനു പതിവില്ലാത്ത ഒരു  പ്രതിഷേധം  ... ഒരു ചുമയും വിറയലും ... ദൈവമേ പണി പാലും വെള്ളത്തില്‍ കിട്ടിയോ എന്ന്  ഒരു നിമിഷം ശങ്കിച്ചു ..

എങ്ങനെ ഒക്കെയോ മുക്കിയും മൂളിയും എന്നെ ഓഫീസില്‍ എത്തിച്ചു  എന്റെ പ്രിയ ശകടം - എന്റെ മാരുതി കാര്‍ ..

ഭാഗ്യം മീറ്റിംഗ് തുടങ്ങിയിട്ടില്ല ... 123 മോട്യുളില്‍ നിന്ന് ജാഥയായി ആള്‍ക്കാര്‍ വരുന്നേ ഉള്ളു. കയ്യില്‍ കിട്ടിയ ബുക്കും ഒരു പേനയും ആയി ഞാനും പിന്നാലെ കൂടി... ((ലാല്‍ സലാം ലാല്‍ സലാം ലാല്‍ സലാം സഖാക്കളേ ))
ചെന്ന പാടെ ഓരോരുത്തരും അവരവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ചെന്ന് നിന്ന് പരസ്പ്പരം നോക്കി വെളുക്കെ ചിരി തുടങ്ങി...

" ലേറ്റ് അസ്‌ സ്റ്റാര്‍ട്ട്‌ മാഗി "

 ഓരോരുത്തരായി എന്തൊക്കെയോ അന്തം വിട്ടു അടിച്ചു വിടുന്നുണ്ട് ...ഇത് കണ്ടപ്പോ എലെക്ഷന്‍ പ്രചരണം ആണ് ഓര്മ വന്നത്.. " സ്വന്തമായി ഇവിടെ ഒരു വിമാന താവളം, എല്ലാ പഞ്ചായത്തിലും ഓരോ റെയില്‍വേ സ്റ്റേഷന്‍, എല്ലാ പാര്‍ട്ടി അനുഭാവികള്‍ക്കും സര്‍ക്കാര്‍ ജോലി .....ഹ ഹ ഹ ഹ .""

കുറ്റം പറയരുതല്ലോ ...എനിക്ക് ഒന്നും പിടി കിട്ടിയില്ല.....മറ്റുള്ളവരുടെ അവസ്ഥയും ഏകദേശം എന്നെ പോലെ തന്നെ ....അത് ആരും അറിയേണ്ട എന്ന് കരുതി എല്ലാത്തിനും ഏതിനും ഒരു " യ യ യ "...

എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു ഞാനും എന്റെ സീറ്റില്‍ വന്നു ഇരിപ്പായി...പണി, സൊറ , ഭക്ഷണം , മയക്കം, കറക്കം എന്നീ അവസ്ഥകള്‍ക്ക് ശേഷം,  കുറച്ചു നേരത്തെ തന്നെ  ഓഫീസില്‍ നിന്ന് ഇറങ്ങി..

അതിനിടെ മാരുതിയെ അഡ്മിറ്റ്‌ ചെയ്തു... അത് എടുത്തു വേണം ഇനി വീട്ടില്‍ എത്താന്‍..എല്ലാം ശെരി ആക്കി വീട്ടില്‍ എത്തിയപ്പോ മണി 7.40.

പ്രിയ പത്നി ഭാര്യ കൊണ്ട് പോകാന്‍ ഉള്ള എല്ലാ ഭാന്ണ്ട കെട്ടുകളും റെഡി ആക്കി ഒരുക്കി എടുത്തു വച്ചിരിക്കുന്നു ....നന്ദി ഭാര്യെ നന്ദി :)

കുറേ നേരത്തെ ചുറ്റലിനും അലച്ചലിനും ശേഷം ഒടുവില്‍ ഏകദേശം 8.45 ആയപ്പോ റെയില്‍വേ സ്റ്റേഷനില്‍ എത്തി ....ദൈവമേ ഇതു പ്ലാറ്റ് ഫോമില്‍ ആണോ എന്തോ നമ്മള്‍ പോകേണ്ട തീവണ്ടി റസ്റ്റ്‌ ചെയ്യുന്നത് ? രാഹുലിനെ വിളിച്ചു ചോദിക്കാം...

" അളിയ ഇതു പ്ലാറ്റ് ഫോമില്‍ ആ ഡാ ട്രെയിന്‍ ? "

" എന്തുവാടായ് ഇത് എത്ര നേരം ആയി...2 ആം പ്ലാറ്റ് ഫോമില്‍ ആ പെട്ടെന്ന് വാ " - ഉത്തരവും കിട്ടി

എത്താന്‍ ശെരിക്കും താമസിച്ചു ..എല്ലാരും ഇന്ന് എന്റെ മണ്ടയില്‍ തന്നെ ....കുറെ തെറിയും പ്രതീക്ഷിച്ചു ഞാന്‍ അവിടെ എത്തിയപ്പോ ഒക്കത്ത് കൊച്ചിനെ വച്ച് നില്‍ക്കുന്ന പോലെ, ബാഗും
പിടിച്ചു രാഹുല്‍ മാത്രം അവിടെ നില്‍പ്പുണ്ട് ....
അപ്പോളേക്കും അനൂപ്‌  ഒഴികെ എല്ലാപേരും എത്തി ചേര്‍ന്നു ... അനൂപ്‌ വര്‍ക്കല യില്‍ നിന്നാണ് കേറുന്നത് .... ട്രെയിന്‍ അതിന്റെ നിലവിളി ശബ്ദം ഉയര്‍ത്തി യാത്ര തുടങ്ങി :)

എല്ലാപേരും അടുത്ത് അടുത്ത് തന്നെ ഇരിപ്പ് പിടിച്ചു ........ 8 ആണുങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ എന്തൊക്കെ വിഷയം ഉണ്ടാകുമോ അതിനെ ഒക്കെ പറ്റി വാ തോരാതെ ഓരോരുത്തരും പ്രസംഗം തുടങ്ങി...

ഈ സമയം അത്രയും നമ്മുടെ ടോണി കുട്ടന്‍ മൊബൈല്‍ ഫോണില്‍ ബസ്‌ ഓടിച്ചു കളിക്കുക ആയിരുന്നു ....പക്ഷെ ചെവി നമ്മുടെ സംസാരത്തില്‍ ആയിരുന്നു എന്ന് മാത്രം .
അന്നേരം ഒരു മാന്യന്‍ അപ്പുറത്തെ ബെര്‍ത്തില്‍ നിന്ന് ചാടി ഇറങ്ങി സുരേഷ് ഗോപി വരും പോലെ വന്നു പറഞ്ഞു - " മണി 9 ആയി ...കുറച്ചു ശബ്ദം കുറക്കണം"

വന്നല്ലോ രസം കൊല്ലി ......എല്ലാം നശിപ്പിച്ചു ....പണ്ടാര കാലന്‍ ....


പൊതുവേ ശാന്തനും സത്സ്വഭാവി എന്ന പേരും കൈ മുതല്‍ ആയ വേണു ഉടനെ വാച്ച് നോക്കി  ശാന്തനായി പറഞ്ഞു - "മണി 9 ആയില്ല 8. 50 ആയതു ഉള്ളു ........"

എന്തെ ശബ്ദം കുറക്കാന്‍  ബുദ്ധിമുട്ടുണ്ടോ ? - ഇഷ്ടന്‍ വിടാന്‍ ഭാവം ഇല്ല ....

( ഈ ചേട്ടന്‍ ഭാര്യയുമായി പിണങ്ങി ആണോ ട്രെയിനില്‍ വന്നു കേറിയേ, അതോ വയറ്റിന് എന്തേലും അസ്കിത ഉണ്ടോ ആവോ..ആകപ്പാടെ ഒരു പരവേശം ഉണ്ട് പുള്ളിക്കാരന്  )

"കുറച്ചു ബുദ്ധിമുട്ടാ ... ശബ്ദം കുറക്കാന്‍ സൗകര്യം ഇല്ല "  - അനൂപ്‌ ഉറപ്പിച്ചു പറഞ്ഞു... (( ലവന്‍ പുലിയാണ് കേട്ടാ  ....))
ഇത്രയും ഒച്ചപാട് അനൂപ്‌ ഉണ്ടാക്കിയപ്പോ സംഗതി എന്താ എന്ന് അറിയാന്‍ ടോണി കുട്ടന്‍ ആ കുഞ്ഞു മുഖം ഒന്ന് ഉയര്‍ത്തി നോക്കി .... ( കൊച്ചിന്‍ ഹനിഫ - "എന്താടാ പന്നി " എന്ന് ചോദിക്കും പോലെ )
ഇഷ്ടന്‍, ടോണി കുട്ടനെ (ബോഡി ) കണ്ടത്  ഇപ്പോള്‍ ആണ് എന്ന് തോനുന്നു...സുരേഷ് ഗോപി ,  പപ്പു ആയി രൂപാന്തരം പ്രാപിച്ചു തിരികെ പൊയ് ....

പിന്നല്ലാതെ ദേഷ്യം വരില്ലേ - അനൂപ്‌ അളിയന്‍ വിജയശ്രീലാളിതന്‍ ആയി നെഞ്ച് വിരിച്ചു നമ്മളോട്  പറഞ്ഞു - " ബാക്കി പറയെടായ്  "

വിഷയങ്ങള്‍ അങ്ങനെ അനര്‍ഗനിര്‍ഗളം പുറത്തു വന്നു കൊണ്ടേ ഇരുന്നു ...
എല്ലാപേരുടെയും കണ്ണുകളില്‍ ഉറക്കത്തിന്റെ ലക്ഷണം മിന്നി തുടങ്ങി... സീറ്റ്‌ അഡ്ജസ്റ്റ് ചെയ്തു കിടപ്പ് ഉറപ്പിച്ചു

പിറ്റേന്ന് പുലര്‍ച്ചെ  5.45 നു എഴുന്നേറ്റു ... ആര്‍ക്കോ വേണ്ടി പല്ല് തേപ്പും പ്രഭാത കൃത്യങ്ങളും നടത്തി .
അപ്പോളേക്കും ട്രെയിന്‍ കോഴികോട്  എത്തി ചേര്‍ന്നു ... സമയം 6.20.. അവിടെ നിന്നും ഒരു പ്രൈവറ്റ് ബസില്‍ കൊഴികോട് ബസ്‌ സ്റ്റാന്‍ഡില്‍ വന്നു ഇറങ്ങി ...ഇവിടെ നിന്നാണ് ഇനി വയനാട് ബസ്‌ പിടിക്കേണ്ടത്‌ ... സുമാര്‍ ഒരു 4 മണിക്കൂര്‍ എടുക്കും വയനാട് എത്തി ചേരാന്‍

എല്ലാരുടെയും വയര്‍ ആഹാരത്തിന് വേണ്ടി സമരം തുടങ്ങിയിരുന്നു....തൊട്ടു അടുത്തുള്ള ഒരു ഹോട്ടലില്‍ കേറി അപ്പവും കറിയും വയര്‍ നിറയും വരെ കുത്തി കേറ്റി  ...
നമ്മളും ഹാപ്പി ഹോട്ടല്‍ ഓണറും ഹാപ്പി... ബില്‍ കൊടുക്കാന്‍ നേരം കണ്ണ് നിറയെ ആ മുസ്ലിം സഹോദരന്‍ നമ്മളെ നോക്കി ...""നിങ്ങളെ പോലുള്ളവരെ ആണ് മക്കളെ ഞാന്‍ മഴ കാത്തു ഇരുന്ന വേഴാമ്പല്‍ പോലെ ഇത്രയും നാള്‍ കാത്തിരുന്നത്"" (സ്വഗതം )


                                                                              ഹോട്ടലിനു മുന്നില്‍

Wednesday, 4 April 2012

മകരമഞ്ഞ് - A Masterpeice of Lenin Rajendran

A TRIBUTE OF RAJA RAVI VARMA

ഗുരുവായൂര്‍ വച്ച് എങ്ങനെയോ കണ്ടെത്തിയ ഒരു സിഡി - ലെനിന്‍ രേജേന്ദ്രന്‍ സംവിധാനം ചെയ്ത " മകര മഞ്ഞ് "

പുതു മുഖ നടി കാര്‍ത്തിക... നല്ല സംവിധായകന്‍.....പൌരാണിക കഥാതന്തു....


ഇതിവൃത്തം കേട്ടപ്പോള്‍ എന്തെക്കെയോ ഒരു പ്രതീക്ഷ... അങ്ങനെ ആണ് മകര മഞ്ഞ് എന്നാ സിനിമയുടെ പേര്  മനസ്സില്‍ പതിഞ്ഞത്.......


70 രൂപ എണ്ണി കൊടുത്തു മകര മഞ്ഞ് സ്വന്തം ആക്കി...


കാണാന്‍ പോകുന്ന കാഴ്ചയുടെ വര്‍ണ്ണ ചിറകില്‍ ഏറി ഏറെ പ്രതീക്ഷയോടെ സിനിമ കാണാന്‍ ഇന്നലെ ഇരുന്നു...


രാജാ രവി വര്‍മ എന്നാ പേരും അദ്ധേഹത്തെ പറ്റി വളരെ കുറച്ചു വിവരവും ആയിരുന്നു സിനിമ കാണാന്‍ തുടങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നത്..

സത്യം പറഞ്ഞാല്‍ ഒരു "കുളിര് പടം" എന്നതില്‍ കവിഞ്ഞു ഞാന്‍ അതിനെ കണ്ടിരുന്നില്ല എന്ന് വേണം പറയാന്‍ ..

എന്നാല്‍ സിനിമ തുടങ്ങി കുറച്ചു നേരം കഴിഞ്ഞപ്പോള്‍ തന്നെ, രാജാ രവി വര്‍മ്മ എന്ന ആ അത്ഭുത  വ്യക്തിക്ക് ഓരോ ചിത്രവും വരയ്ക്കാന്‍ പ്രചോദനം നല്‍കിയിരുന്ന കഥാപത്രങ്ങള്‍ എങ്ങനെ കണ്ടെത്താന്‍ കഴിഞ്ഞു എന്ന് മനസിലാകും...

മകരമഞ്ഞിന്‍റെ  തിരകഥകൃത്ത് ന്‍റെ ഭാവനസൃഷ്ടി ആകാം...

എന്നാലും, യാഥാര്‍ത്ഥ്യം ഇങ്ങനെ ആയിരുന്നെങ്ങില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു .........

പ്രകൃതിയെയും സ്ത്രീകളെയും തന്‍റെ സൃഷ്ടിയില്‍ അച്ചു പകര്‍ത്തിയ മഹാന്‍..

കാന്‍വാസില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക്  സമീപ വാസികള്‍ ആയ പല സ്ത്രീകളുടെയും മുഖഭാവവും ശരീരഘടനയും പകര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞു ഒരു കൂട്ടം ജനങ്ങള്‍ രാജാ രവി വര്‍മയ്ക്ക് എതിരെ തിരിയുന്നു...


അദേഹത്തിന്‍റെ സൃഷ്ടികള്‍ ആയ ലെക്ഷ്മി ദേവി, സരസ്വതി ദേവി എന്നീ ചിത്രങ്ങള്‍ എല്ലാം അന്ന്  ആ പരിസരത്ത് കാണപെട്ട സുന്ദരി ആയ സ്ത്രീകളുടെ മുഖ ഭാവം ഉണ്ട് എന്ന് പലരും വാദിച്ചു..


ആയിരങ്ങളെ വിശ്വാസ വഞ്ചന കൊണ്ട് മൂടിയ രാജാ രവിവര്‍മ യെയും രവി വര്‍മ ചിത്രങ്ങളെയും കോടതിയില്‍ വിസ്തരിക്കണം എന്നും രവി വര്‍മ്മ ഹിന്ദുമതത്തിന്‍റെ ശത്രു  ആണെന്നും  പലരും പറഞ്ഞു പരത്തി..
.

ചിത്രങ്ങളിലൂടെ നാട്ടില്‍ നഗ്നതയും അശ്ലീലതയും പ്രചരിപ്പിക്കുന്നു, ഹിന്ദു മതം വ്രെണപെടുത്തുന്നു എന്നീ കുറ്റങ്ങള്‍ രാജാ രവി വര്‍മ്മയില്‍ ആരോപിക്കപെടുന്നുണ്ട് ചിത്രത്തില്‍ ................

അതിനു രവി വര്‍മ്മ കൊടുക്കുന്ന മറുപടി വളരെ ഇഷ്ടപ്പെട്ടു .... " ക്ഷേത്രത്തില്‍ കയറാന്‍ സാധിക്കാത്ത ഒരു പറ്റം ആള്‍ക്കാര്‍ക്ക് എന്‍റെ ചിത്രങ്ങള്‍ മൂലം ദേവി ദര്‍ശനം ഉണ്ടായി എങ്കില്‍ , എനിക്ക് അതില്‍ അഭിമാനം ഉണ്ട്...


എന്‍റെ സൃഷ്ടികളില്‍ കാണപെടുന്ന  ദേവി ദേവന്മാര്‍ , ചുറ്റുപാടും ഉള്ളവര്‍ ആണെന്നും അതില്‍ വേശ്യകളുടെയും വിധവകളുടെയും മുഖ സാദ്രിശ്യം ഉണ്ട് എന്നും ആണ് ചിലര്‍ വാദിക്കുന്നത് .....കുറ്റം ഞാന്‍ സമ്മതിക്കുന്നു  ...
 ഒരാള്‍ വേശ്യ ആകുന്നതും  വിധവ ആകുന്നതും  അവരുടെ  കുറ്റം കൊണ്ട് അല്ല...വിധി ആണ് ... 

രണ്ടാമത്തെ ആരോപണം ദേവി ദേവന്മാരുടെ അശ്ലീല ചിത്രങ്ങള്‍ വരച്ചു അവഹേളിച്ചു എന്നാണ്.. ഞാന്‍ വരച്ച , വിശ്വാമിത്രനും, മേനകയും , ദ്രൌപതിയും ഒരു തെറ്റാണു എങ്കില്‍ അതില്‍  ശിക്ഷിക്കപെടെണ്ടത് എന്നെയല്ല..വ്യാസനെ ആണ് ...


 മാതൃ പുത്ര  ബന്ധത്തിന്‍റെ ഉത്തമ ആവിഷ്ക്കാരം ആണ് മുല കുടിക്കുന്ന ഉണ്ണിക്കണ്ണന്‍.  ഉണ്ണികണ്ണനെ കാണാതെ യെശോധയുടെ മാറിടതിലേക്ക് ഉറ്റു നോക്കുന്നവരുടെ മനസ്സില്‍ ആണ് അശ്ലീലം" ഉര്‍വശി , പൂരുരവസ് എന്നീ  ഐതിഹ്യ കഥാ പത്രങ്ങളെ വളരെ തന്മയിത്വതോടെ ഇതില്‍ കോര്‍ത്തിണക്കിഇരിക്കുന്നു ....
വളരെ ഹൃദ്യവും മനോഹരവും ആയ പാട്ടുകള്‍  .... ദാസേട്ടന്റെയും ഹരിഹരന്റെയും ആലാപനം‌ .....
എല്ലാം കൊണ്ടും വളരെ നല്ല ഒരു സിനിമ................

ചിത്രകലയുടെ കുലപതിക്ക് മനസ് കൊണ്ട് ഒരായിരം പ്രണാമം അര്‍പ്പിച്ചു കൊണ്ട് .........

Saturday, 10 March 2012

നല്ല ഒരു വെള്ളിയാഴ്ച


ഓഫീസില്‍ ചുമ്മാ ഇരുന്നു മടുത്തു . രോഗികളെ കാണാന്‍ ഡോക്ടര്‍മാര്‍ ഇറങ്ങി നടക്കുന്ന പോലെ ചുമ്മാ ഒരു റൌണ്ട്സിനു ഇറങ്ങി.
നേരെ 123 മൊട്യുല്‍ ലെക്ഷ്യമാക്കി നടന്നു. എന്തോ കണ്ടു പിടുത്തം നടത്തുന്ന പോലെ എല്ലാപേരും ഉണ്ട കണ്ണുകള്‍ എല്ലാം കംപ്യുട്ടര്‍ ന്‍റെ നെഞ്ചത്ത് നോക്കി ഇരിപ്പുണ്ട്.. കുറെ ആള്‍ക്കാര്‍ ഇരിപ്പുണ്ട് ഇവിടെ.

കണ്ണ് ചുറ്റും പരത്തി.
എങ്ങോട്ട് പോകും ? അതാ ഇരിക്കുന്നു മുട്ടന്‍ ഒരു സാധനം. നമ്മുടെ രാഹുല്‍ അളിയന്‍ .

രാഹുല്‍ അളിയ.....  മച്ചമ്പി............. അങ്ങോട്ടും ഇങ്ങോട്ടും ആയി രണ്ടു വിളികള്‍ ... അളിയനോട് കുറെ നേരം കുശലം പറഞ്ഞു ഇരുന്നു ..തൊട്ടപ്പുറത്ത് ടോണി കുട്ടനും വേണു ഭായിയും ഇരിപ്പുണ്ട്..... അവരെ ഇനി ശല്യപെടുതെണ്ട എന്ന് തീരുമാനിച്ചു... ടോണി കുട്ടനെ ചെവിയില്‍ ഫിലിപ്സ് ഇല്‍ നിന്ന് നേരിട്ട് വരുത്തിച്ച പാട്ട് യെന്ത്രം ഇരിപ്പുണ്ട്... ഈ സമയം വേണു ഭായിയെ തിരക്കി സായി അളിയന്‍ വന്നു... അവര്‍ ആണ് ടെക്നോപാര്‍കില്‍ വേണ്ടത്ര കാര്‍ബണ്‍ ഡൈ  ഒക്സ്യ്ട് വിതരണക്കാര്‍.... അവര്‍ സ്ഥലം  വിട്ടു.   വിശേഷങ്ങള്‍ പറയുന്നതിന്‍റെ കൂടെ രാഹുല്‍ അളിയന്‍ പറഞ്ഞു " നീ ഈ അടുത്ത കാലത്ത് പടം കണ്ടോ ? " ഞാന്‍ പറഞ്ഞു - ഞാന്‍ ഈ ഇടെ ഹാപ്പി ജേര്‍ണി എന്നാ പടം കണ്ടു എന്ന് ...അവന്‍ വീണ്ടും ചോദിച്ചു - എടാ ഈ അടുത്ത കാലത്ത് കണ്ടോ എന്ന് ?

പിന്നെയും കുറെ സംസാരത്തിന് ശേഷം ആണ് മനസിലായത് - ഈ അടുത്ത കാലത്ത് - എന്ന് പറയുന്നത് ഒരു സിനിമയുടെ പേര് ആണെന്ന്.

ആദ്യമായാണ് ആ പേര് കേള്‍ക്കുനത് തന്നെ. ഞാന്‍ ഇല്ല എന്ന് പറഞ്ഞപ്പോ അവന്‍ പറഞ്ഞു - അളിയ പൊയ് കാണു, നല്ല പടം.
ഞാനും ആലോചിച്ചു ശെരി ആണ്... കുറെ നാള്‍ ആയി വൃന്ദ യും ആയി ഒരു സിനിമയ്ക്കു പോയിട്ട്....
പക്ഷെ------

ഇന്നലെ ആണ് അവള്‍ക്കു തലവേദനയും പണിയും ആയി ഡോക്ടറിനെ കാണാന്‍ പോയത്..ഈ അവസരത്തില്‍ ഒരു സിനിമയ്ക്കു പോവുക ആണ് എന്ന് അമ്മയോടും അച്ഛനോടും എങ്ങനെ പറയും... പെണ്ണ് കെട്ടി എന്ന് ഒന്നും അവര്‍ ഓര്‍ക്കില്ല..... സംഭവം കുശാല്‍ ആകും.... വെറുതെ അവളുടെ മുന്നില്‍ വച്ച് അച്ഛന്റെ വായില്‍ നിന്നും "ദ്ദമാര്‍ പട്ടാക് " കേള്‍ക്കേണമോ എന്ന് ഒന്ന് ശങ്കിച്ചു....പിന്നെ ഒന്ന് കൂടി ആലോചിച്ചു - ഇന്ന് വെള്ളിയാഴ്ച ആണ്..ഇന്ന് പോയാല്‍ നാളെ വീട്ടിനു വെളിയില്‍ ഇറങ്ങേണ്ട...മടി പിടിച്ചു ഇരിക്കാം :)

എന്തായാലും കൈരളി യുടെ സിനിമ ഓണ്‍ലൈനില്‍ കേറി നോക്കി - എങ്ങനെ ഉണ്ട് ബുക്കിംഗ് നിലവാരം .......സന്തോഷം ..ഒരു വരി ഫുള്‍ ബുക്ക്‌ ആയി ..ബാക്കി എല്ലാം ശൂന്യം. എന്തായാലും 2 ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.. 124 രൂപ. വൈകുന്നേരം 6 .15 നു ആണ് ഷോ തുടങ്ങുന്നത്.. ബുക്ക്‌ ചെയ്തു, ചുവരില്‍ "ഇന്നോ നാളെയോ" എന്ന് തോന്നിച്ചു തൂങ്ങി ആടുന്ന ക്ലോക്കില്‍ നോക്കിയപ്പോ മണി 4 .45 ...ശട പടെ ശട പടെ എന്ന് ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചു... ഇറങ്ങുന്നതിനു മുന്നേ വൃന്ദയെ  വിളിച്ചു പറഞ്ഞു - ഇറങ്ങി നിന്നോളൂ..

ഈ സീന്‍ വെറുതെ മനസ്സില്‍ ആലോചിച്ചു :- വീട്ടുകാര്‍ കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ട് പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ട് വരുന്ന കാമുകനെ പോലെ --- സ്വന്തം ഭാര്യയെ സിനിമയ്ക്കു വിളിച്ചു കൊണ്ട് പോകാന്‍ പോകുന്ന ഭര്‍ത്താവ് - കൊള്ളം നല്ല ഭാവന ..

ബൈക്ക് കൊണ്ട് നേരെ വീട്ടില്‍ വച്ചു. അടുത്തതായി കാറില്‍ കേറി ഇരുന്നു - "അമ്മേ.... ഞാനും അവളും കൂടി സിനിമയ്ക്കു പോകാന്‍ പോകുവാ കേട്ടോ.....)
മറുപടി കിട്ടി - സൂക്ഷിച്ചു പോണേ മോനെ ....( എന്തൊക്കെയ വെറുതെ വിചാരിച്ചേ -- പാവം അമ്മ)

വണ്ടിയും കൊണ്ട് ആക്കുളം പാലം കഴിഞ്ഞ ഉടന്‍ തന്നെ ഒരു കാള്‍ വന്നു  - രാഹുല്‍ അളിയനാ ..

അളിയന്‍ പറഞ്ഞു - അളിയാ നീ സിനിമയ്ക്കു പോകുന്നുണ്ടോ ? ചിലപ്പോ ഞാനും അവളും കൂടി അവിടെ കാണും കേട്ടോ..
നീ ഏതു പടത്തിനു പോണു ? തത്സമയം പെണ്‍കുട്ടി... മറുപടി കിട്ടി
അത് ശ്രീയില്‍ ആണ് ...അപ്പൊ തമ്മില്‍ കാണാം...ഞാന്‍ കാറും നിരക്കി അവിടെ എത്തിയപ്പോ രാഹുല്‍ അളിയനും അനുവും തിയറ്റര്‍ നു മുന്നില്‍ നില്‍പ്പുണ്ടായിരുന്നു....നേരെ വണ്ടി കൊണ്ട് പാര്‍ക്ക്‌ ചെയ്തു ...

അപ്പുറത്ത് നിന്ന് മുളക് വടയുടെ മണം മൂക്കില്‍ വന്നു നിറഞ്ഞു :)

" രാഹുല്‍ അളിയാ...ചായ കുടിക്കാന്‍ പോകാം ? " - വാ പോകാം - മറുപടി പതിവ് പോലെ +ve
നേരെ പൊയ് ആവശ്യത്തിനു മുളക് വടയും ചായയും അകത്താക്കി....ചായ കടയില്‍ നിന്ന് ഇറങ്ങാന്‍ നേരം കൊറിക്കാന്‍ ആയി ഒരു 10  മുളക് ബാജി കൂടി പൊതിഞ്ഞു എടുത്തു .

 സമയം നോക്കുമ്പോ 6 .17 ...

നാലു പേരും ഈരണ്ടു പേരായി പിരിഞ്ഞു കൈരളിയിലെക്കും ശ്രീയിലെക്കും യാത്രയായി ...
സിനിമ തുടങ്ങിയെ ഉണ്ടായിരുന്നുള്ളു ....

നല്ല പ്രമേയം ...ഒരു നല്ല സിനിമ...

സമയം ഏകദേശം 9 .10 ആയി ... സിനിമയുടെ തിരശീല വീണു...കണ്ണിനും തിരശീല ഇടാന്‍ സമയം ആയി... നല്ല ഉറക്കം വരുന്നു.. നേരെ അവളെയും വിളിച്ചു വണ്ടി പാര്‍ക്ക്‌ ചെയ്ത സ്ഥലത്ത് എത്തി....കടപുറത്തു ചാള അടുക്കി ഇട്ടിരിക്കുന്ന പോലെ വണ്ടികള്‍ ഗ്രൗണ്ടില്‍ നിറയെ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന്നു.... എന്റെ സ്വന്തം വണ്ടി അങ്ങേ തലക്കല്‍ സുഖ നിദ്രയില്‍ ആണ്.... ഡേയ് അണ്ണാ വാ പോകാം - വിളിച്ചാല്‍ അത് ഇങ്ങു വന്നെങ്കില്‍ - വെറുതെ ഒരു ആഗ്രഹം .....

കുറെ നേരം എടുത്തു വണ്ടികള്‍ ഒക്കെ ഒന്ന് മാറാന്‍...അപ്പൊ രാഹുല്‍ അളിയനും അനുവും എത്തി....അവരോടു ബൈ പറഞ്ഞു നേരെ 1 ഗിയര്‍ ഇട്ടു ആക്സിലേറ്റര്‍ ആഞ്ഞു ചവിട്ടി, ഉറക്കം കണ്ണില്‍ എത്തുന്നതിനു മുന്നേ വണ്ടി വീട്ടില്‍ എത്തി ചെരണമേ എന്നാ പ്രാര്‍ത്ഥനയോടെ ..............

Thursday, 8 March 2012

എന്‍റെ പെണ്ണുകാണല്‍

JUNE 26, 2011

ഞാന്‍ ആദ്യമായി  പെണ്ണ് കാണാന്‍ പോയി.

പോയ വേഷം : ബ്ലാക്ക്‌ പാന്റ് + ബ്ലൂ ഷര്‍ട്ട്‌
പോയ ആള്‍ക്കാര്‍ : ഞാന്‍ , ചേട്ടന്‍ , അച്ഛന്‍ , മാമന്‍ , വലിയച്ചന്‍
... അങ്ങനെ ഒരു പട 
ഏകദേശം 9 .30  ക്ക് ഇറങ്ങി അമ്പലത്തറയില്‍ പത്തരക്ക് എത്തി....
വളരെ നല്ല ആള്‍ക്കാര്‍ ..... നല്ല അന്തരീക്ഷം......


 ഒരു ലോഡ് ആള്‍ക്കാര്‍ ... കണ്ണ് മഞ്ഞളിച്ചു പൊയ്.
ആകെ ഒരു ചളിപ്പ്‌.  കുറെ കണ്ണുകള്‍ എന്റെ നേരെ മാത്രം... 


ടീപോയില്‍ ഇരുന്ന കുറെ പലഹാരങ്ങള്‍ എന്നെ നോക്കി ചിരിച്ചു...
മനസ് മനസിനോട് പറഞ്ഞു " കണ്ട്രോള്‍"


പെണ്ണിന്റെ  അച്ഛന്‍ വന്ന പാടെ ഓരോ ഓരോ ആള്‍ക്കാരെ പരിചയ പെടുത്തി തുടങ്ങി... വലിയച്ചന്‍, കൊച്ചച്ചന്‍, മാമന്‍, മാമന്റെ അളിയന്‍, മച്ചമ്പി, ചിറ്റപ്പന്‍ , മാമന്റെ മോന്‍ , അങ്ങനെ എങ്ങിനെ ഒക്കയോ പോണു ആ നീണ്ട നിര.
നാടകത്തിനു കര്‍ട്ടന്‍ വീഴുന്നത് പോലെ കുറച്ചു കഴിഞ്ഞപ്പോ
കേളികൊട്ടോടെ പരിചയപെടുത്തല്‍ അങ്കം അവസാനിച്ചു ...

 സമാധാനം ആയി എന്ന് ചിന്തിച്ചു ഇരിക്കെ എന്റെ അച്ഛന്റെ വക  അടുത്ത കര്‍ട്ടന്‍ പൊങ്ങി 
"ഇത് പയ്യന്റെ മാമന്‍ , ഇത് പയ്യന്റെ വലിയച്ചന്‍, ഇത് പയ്യന്റെ ചേട്ടന്‍ , ഇത് പയ്യന്റെ കൊച്ചച്ചന്‍ ..." ( ദൈവമേ ഇവരെല്ലാം എനിക്ക് മാത്രം ഉള്ളത്  ആണോ ?? ) 

അങ്ങനെ പെണ്‍കുട്ടി വന്നു .. കൈ നിറയെ കാപ്പി ഗ്ലാസ്സുകളും ആയി
 

പെണ്‍കുട്ടിയുടെ മുഖത്ത് നോക്കാന്‍ ആകെ ഒരു ശങ്ക... കാരണം ആ സമയത്ത് എല്ലാ പേരുടെയും കണ്ണ് എന്റെ നേര്‍ക്കായിരുന്നു...
പിന്നെ ഓട്ടകണ്ണിട്ടു നോക്കി അഡ്ജസ്റ്റ് ചെയ്തു... നല്ല കുട്ടി.... 

എനിക്ക് വളരെ ഇഷ്ടപ്പെട്ടു... മറു പക്ഷത്തു നിന്നുള്ള മറുപടിയെ മാത്രമേ പേടി ഉണ്ടായിരുന്നുള്ളു ... കയ്യാല പുറത്തെ തേങ്ങ പോലെ അത് എങ്ങോട്ട് വീഴും എന്ന് ഒരു ശങ്ക
കുട്ടിയോട് വല്ലതും സംസാരിക്കണം എങ്കില്‍ ആകാം എന്ന്  പെണ്ണിന്റെ മാമന്‍ പറഞ്ഞപ്പോ പെട്ടെന്ന് " ഡാര്‍ലിംഗ് ഡാര്‍ലിംഗ്" സിനിമയിലെ രംഗം ആണ് ഓടി വന്നത് .
" എനിക്ക് സംസാരിക്കണം എനിക്ക് സംസാരിക്കണം"  എന്ന് പറഞ്ഞു ഓടാന്‍ മനസ് പറഞ്ഞു. പക്ഷെ സ്വന്തം വില കളയണ്ട എന്ന് കരുതി " ഓ വേണ്ടായിരുന്നു " എന്നാ മട്ടില്‍ എഴുന്നേറ്റു മെല്ലെ മെല്ലെ മാമന്റെ പിന്നാലെ പോയി.

തൊഴുത്തില്‍ കേറാന്‍ വിസമതിച്ചു നിക്കുന്ന പൈകിടാവിനെ പോലെ - പോണോ പോണ്ടേ എന്നാ ഭാവത്തോടെ പിന്നാലെ പെണ്‍കുട്ടിയും .. 


ഞാന്‍ നല്ല അന്തസായി കസേര വലിച്ചു ഇട്ടു ഇരിപ്പ് ഉറപ്പിച്ചു. താന്‍ ഇരുന്നാല്‍ കസേരക്ക് വേദനിക്കുമോ എന്നാ ഒരു പേടി മനസ്സില്‍ ഉള്ളത് പോലെ അവള്‍ മറു പക്ഷത്തും .....


"എനിക്ക് ചോദിക്കാന്‍ പ്രിത്യേകിച്ചു ഒന്നും ഇല്ല.. ഇത് എന്റെ ആദ്യത്തെ പെണ്ണ് കാണല്‍ ആണ് "- ഞാന്‍ നമ്പര്‍ ഇട്ടു തുടങ്ങി :) ( ഈ കള്ളം ഞാന്‍ തിരുത്തി പറഞ്ഞു.... പിന്നെ ഒരിക്കല്‍ )


ഏതു കോളേജിലാ MSc ചെയ്തെ ?
യൂണിവേഴ്സിററി  കോളേജ് - ഒന്നാം ഉത്തരം കിട്ടി...... (പാസ്‌) 

ഏതു ബി എഡ് സെന്റര്‍ ? 

കുമാരപുരം..... അതിനും കിട്ടി ഉത്തരം...
(ഡബിള്‍ പാസ്‌) 

ഇങ്ങേരു എന്നെയും കൊണ്ടേ പോകതോള്ളോ  - എന്ന ഒരു ചോദ്യം തിരികെ ചോദിക്കുന്നതിനു മുന്നേ സ്കൂട്ട് ആകാം എന്ന് കരുതി അപ്പൊ ശെരി കാണാം എന്ന് പറഞ്ഞു എഴുനേറ്റു.... 
കത്തിച്ചു വച്ച റോക്കറ്റു പോലെ ചിരിച്ചു കൊണ്ട് അവള്‍ അകത്തേക്ക്  അവള്‍ ഒരു പോക്ക് പൊയ് :)

എന്റെ പഴയ സീറ്റില്‍ ഞാന്‍ വീണ്ടും പൊയ് പ്രതിഷ്ഠ ഉറപ്പിച്ചു. പിന്നെയും കുറെ നേരം വീണ്ടും ബടായി കര്‍ട്ടനുകള്‍ പൊങ്ങുകയും താരുകയും ചെയ്തു കൊണ്ടേ ഇരുന്നു .... ...  
അവിടെ നിന്ന് യാത്ര പറഞ്ഞു ഇറങ്ങിയപ്പോ ഒന്ന് ഒളി കണ്ണ് ഇട്ടു ഞാന്‍ അവളെ നോക്കി.....

യാത്ര പറഞ്ഞു പോയ വഴി തന്നെ മാമന്‍ പറഞ്ഞു വണ്ടി നിര്‍ത്താന്‍ ... മാമന്‍ എന്നോട് രഹസ്യമായി ചോദിച്ചു - " നിനക്ക് പെണ്ണിനെ ഇഷ്ടം ആയോ ? "
മനസ്സില്‍ പറയാന്‍ തോനിയത് മറ്റൊന്നാ... " മാമാ തിരിച്ചു പൊയ്  പെണ്ണിനേം  വിളിച്ചു കൊണ്ട് വീട്ടില്‍ പോയാലോ ? " എന്നാണ്
പിന്നെ ഒരു നിസംഗ ഭാവത്തില്‍ പറഞ്ഞു " ഇഷ്ടം ആയി :)" 


( ദൈവമേ..മനസ്സില്‍ ഉള്ളത് മുഖത്ത് വരുത്തല്ലേ....) സ്വഗതം 
 
അവിടെ വച്ച് തന്നെ അവിടെ ഒരു കൂട്ട സംഭാഷണം നടന്നു :)
വീട്ടില്‍ എത്തിയ പാടെ എല്ലരു പറഞ്ഞു - നല്ല കുടുംബം , നല്ല കുട്ടി...  


ഉറപ്പിക്കാം :) :) 


ഇതാണ് പെണ്ണ് കാണല്‍ കഥ  അഥവാ വൃന്ദയെ കണ്ട കഥ :)
 

ഈ പെണ്ണ് കാണല്‍ തന്നെ താലി കെട്ടില്‍ കലാശിച്ചു - 30 നവംബര്‍ 2011 ല്‍ 

Tuesday, 7 June 2011

കനകകുന്നിലെ ഒരു സായാഹ്നം

04/06/2011 ശനി 

പതിവില്ലാതെ വാര്‍ത്ത‍ ഒന്ന് കേട്ടു കളയാം എന്ന് കരുതി ടിവി യുടെ മുന്നില്‍ ഇരിപ്പ് ഉറപ്പിച്ചു. ഏഷ്യാനെറ്റിലെ സുന്ദരി ആയ ചേച്ചി വാര്‍ത്ത വായിക്കുന്ന കേട്ടപ്പോള്‍
വാര്‍ത്ത കേള്‍ക്കണം എന്ന് ഇല്ല എങ്കിലും എന്തോ വാര്‍ത്ത‍ വരാന്‍ ഉണ്ട് എന്നാ പോലെ വാര്‍ത്ത‍ വായിക്കുന്ന ചേച്ചിയുടെ വായും നോക്കി ഇരിക്കുവായിരുന്ന എന്റെ മുന്നില്‍ അതാ വരുന്നു
അതി ഗംഭീരം ആയ ഒരു വാര്‍ത്ത‍ " കനകകുന്നില്‍ ചക്ക മഹോത്സവം"... തേടിയ വള്ളി കാലില്‍ ചുറ്റി എന്ന പോലെ കേട്ട പാതി കേള്‍ക്കാത്ത പാതി ഫോണ്‍ തപ്പി പിടിച്ചു എടുത്തു .......

പിന്നെയാ സമയത്തിനെ ബോധം വന്നത് :) സമയം രാത്രി പതിനൊന്നര. ഈ സമയത്തു നമ്മുടെ പ്രിയങ്ങരനായ ടോണി കുട്ടനെ വിളിച്ചു " കനകകുന്നില്‍ നാളെ പോയാലോ ? " എന്ന് ചോദിക്കാന്‍ ഉള്ള ധൈര്യം എനിക്ക് ഇല്ലാത്തതിനാല്‍ ഒരു മെസ്സേജ് അയച്ചു " അളിയ നാളെ നമുക്ക് കനകകുനില്‍ ചക്ക മേളക്ക് പോയാലോ ? "
ഇന്ത്യയുടെ റോക്കറ്റ് പോലെ ശടെ ന്നു തിരികെ വന്നു റിപ്ല്യ്  " ഓക്കേ പോകാം "..... പിറ്റേ ദിവസത്തേക്ക് ഉള്ള പണി ആയല്ലോ എന്ന് കരുതി സന്തോഷപൂര്‍വ്വം കിടന്നു ഉറങ്ങി :)

പിറ്റേ ദിവന്സം പുലര്‍ച്ചെ
(( പ്രിത്യേകിച്ചു എഴുതാന്‍ ഒന്നും ഇല്ല :)  )വൈകുന്നേരം
ഏകദേശം 3 മണിക്ക് ടെക്നോ പാര്‍കിന്റെ സ്വന്തം പുത്രനായ അരുണ്‍ പ്രഭാതിനെയും ടോണി കുട്ടനെയും കൂട്ടി നമ്മള്‍ കനകകുന്നില്ലേക്ക് യാത്ര ആയി. നല്ല തിരിക്കു കാണുമല്ലോ, എവിടെ വണ്ടി പാര്‍ക്ക്‌ ചെയ്യും, എപ്പോ തിരിച്ചു ഇറങ്ങാന്‍ പറ്റും എന്നീ ചിന്തകളുമായി നമ്മള്‍ മൂവര്‍ സംഘം യാത്ര തുടര്‍ന്നു.
മ്യൂസിയം പോലീസ് സ്റ്റേഷന്‍ നു മുന്നില്‍ വാഹനം പാര്‍ക്ക്‌ ചെയ്തു കനകകുന്നിനു അകത്തേക്ക് നടന്നു...സമയം മൂന്നു മണി ആയെ ഉള്ളു എന്ന കാരണത്താല്‍ ആണോ എന്തോ ആള്‍ക്കാര്‍ തീരെ കുറവ്.
ഓരോരുത്തരും ഈച്ചയും ആട്ടി ഇരിക്കുന്നു. വെറുതെ പറഞ്ഞത് അല്ല , ചക്ക ആയതു കാരണം ഈച്ച വരും അല്ലോ, സ്വാഭാവികം  :)


ആദ്യത്തെ രണ്ടു മൂന്ന് സ്ടാല്‍ ഒരു രസമില്ലാതവ. ചുമ്മാ അവിടെ ഇവിടെ ചക്കയുടെ ഓരോ ഓരോ പടം ഒട്ടിച്ചു വച്ചിരിക്കുന്നു. ശെടാ ഇതെന്തു പാട് വന്നത് വേസ്റ്റ് ആകുമോ എന്ന് കരുതി മുന്നോട് നടന്ന നമ്മുടെ മുന്നില്‍ ചക്ക കൊണ്ടുള്ള വിഭവങ്ങളുടെ ചാകര പ്രത്യക്ഷപെട്ടു. ആഹഹ ആഹഹ ആദ്യം ചെന്ന് പെട്ടെത് ഒരു ബ്രെഹ്മി വില്‍ക്കുന്ന സ്ടാളില്‍ . ബ്രെഹ്മി പായസം കണ്ടപ്പോ കൂടെ വന്ന അരുണിന് ഒരു ആഗ്രഹം. ബ്രെഹ്മി ഓര്‍മ്മ ശക്തിക്ക് നല്ലത് എന്ന് അവന്‍ കേട്ടിട്ട് ഉണ്ട് പോലും. അവനെ രാജ സര്‍ രണ്ടു ദിവസം മുന്നേ വിളിച്ച തെറി ഓര്‍മ ഇല്ല പോലും. അത് ഓര്‍ക്കാന്‍ വേണ്ടി എന്നോണം അവന്‍ വാങ്ങി അടിച്ചു ഒരു ഗ്ലാസ്‌ ബ്രെഹ്മി പായസം. അവന്റെ മുഖം കണ്ടപ്പോ ഈശ്വര ഇത് വേപ്പിന്‍ പട്ട ആണോ എന്ന് ഒരു തോന്നല്‍ . ഞാനും ടോണിയും ഒരേ സ്വരത്തില്‍ പറഞ്ഞു -

എസ്കേപ്പ് "

അത് കഴിഞ്ഞു അത് കഴിഞ്ഞു അവിടെ അരങ്ങേറിയത്  ഒരു ചക്കയെ എങ്ങനെ ഒക്കെ ആക്കം എന്നുള്ളതിന് ഒരു ഉദാഹരണം ആണ്.

ചക്ക ഐസ് ക്രീം , ചക്ക പുട്ട്, ചക്ക പായസം, ചക്ക പുഴുക്ക്...അങ്ങനെ പോകുന്നു വിഭവങ്ങള്‍ .. ദോഷം പറയരുതല്ലോ .... ഒരു വിധം ഉള്ള എല്ലാം ട്രൈ ചെയ്തു ചക്ക മഹോത്സവം  നമ്മള്‍ പൊടി  പൊടിച്ചു . അവസാനം ഉഷ്ണം താങ്ങാന്‍ വയ്യാതെ ആയപ്പോ നമ്മള്‍ സ്ടാളിന്റെ വെളിയിലേക്ക് ചാടി. എന്തോ ഒരു ആശ്വാസം. വളരെ നല്ല കാലാവസ്ഥ. കുറച്ചു നേരം പുറത്തു പൊയ് ഇരിക്കാം എന്ന് കരുതി നമ്മള്‍ നിശാഗന്ധി ഓപ്പണ്‍ തിയറ്റര്‍ ലെക്ഷ്യം ആക്കി നടന്നു ....


അവിടെ കനക്കുന്നു കൊട്ടാരത്തില്‍  എന്തോ സാംസ്‌കാരിക പരുപാടികള്‍ നടക്കുനുണ്ടായിരുന്നു ... മഴ വീണ്ടും തകര്‍ത്തു പെയ്തു തുടങ്ങിയതിനാല്‍ ഓടി നമ്മള്‍ വീണ്ടും സ്ടാളില്‍ എത്തി.
അപ്പോള്‍ നമുടെ ഓഫീസിലെ കുറെ പേര്‍ ഫാമിലി ആയി നടന്നു വരുനത്‌ കണ്ടു :)

മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് സൂര്യ രാജേഷ്‌ , മോള്‍ കുഞ്ഞാറ്റ , മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് രാഹുല്‍ , രാഹുലിന്റെ കോ ബ്രദര്‍ ആന്‍ഡ്‌ വൈഫ്‌ എന്നിവര്‍ ആയിരുന്നു ചക്ക ഫെസ്റ്റ് കാണാന്‍ അവിടെ എത്തിയ
പുന്യത്മക്കള്‍ :)

അവരോടു ടാറ്റാ പറഞ്ഞു നമ്മള്‍ വീണ്ടു സ്ടാളിന്റെ ഉള്ളില്‍ പ്രവേശിച്ചു :) ഈ സമയം കൊണ്ട് സ്ടാല്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു . അപ്പൊ എത്തി നമ്മള്‍ പ്രതീക്ഷിച്ച ആ സുഗന്ധം ... നല്ല ദോശയും ചിക്കന്‍ ചില്ലിയും ......... വാങ്ങിയതെല്ലാം ഒരു പൊതിയില്‍ ആക്കി വീണ്ടും അത്  അകത്താക്കാനുള്ള വ്യഗ്രതയോടെ പുറത്തേക്കു ഇറങ്ങി :)

നല്ല ഒരു സ്ഥാലം കണ്ടു പിടിച്ചു :) കൊള്ളാം നല്ല ദോശ , നല്ല ചിക്കന്‍ .വന്ന കാര്യം ഭംഗിയായി നിറവേറ്റിയ  സംതൃപ്തിയോടെ നമ്മള്‍ തിരികെ ഭാവങ്ങങ്ങളിലെക്കുള്ള യാത്ര തിരിച്ചു :)

Monday, 9 May 2011

ഞാനും തുടങ്ങിയേ :)


ഒരെണ്ണം തുടങ്ങണം തുടങ്ങേണം എന്ന് കുറെ നാളായി ആലോചിക്കുന്നു ... സമയം കിട്ടണില്ല്യ :)

ഇപ്പൊ കുറച്ചു സമയം കിട്ടി... അപ്പൊ കിട്ടിയ സമയം നമ്മള്‍ എന്തിനാ വെറുതെ  കളയുന്നെ എന്ന് ഒരു തോന്നല്‍ ....
 ഇതാകുമ്പോ ചുമ്മാ നാട്ടുകാരെ ശല്യം ചെയ്യാം അല്ലോ... അതില്‍ പരം ഒരു ആനന്ദം ....